ചെന്നൈ: ടിവികെയുമായി കോൺഗ്രസ് സഖ്യം ചേർന്നതിനുപിന്നാലെ ഇന്ത്യ മുന്നണിയിൽ നിന്നു ഡിഎംകെ പിന്മാറിയെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം പൂർണമായി അവസാനിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിവികെയുമായി സഖ്യം ഉറപ്പിച്ചുകഴിഞ്ഞു. കോൺഗ്രസ് തങ്ങളെ പിന്നിൽനിന്നു കുത്തിയെന്ന് ഡിഎംകെ നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
“ഡിഎംകെയുമായുള്ള ബന്ധം പെട്ടെന്ന് തള്ളിക്കളയാവുന്നതല്ല. അടുത്തിടെ കരുണാനിധിയുടെ ജന്മവാർഷികത്തിൽ രാഹുൽ ഗാന്ധി അദ്ദേഹത്തിന് ആദരം അർപ്പിച്ചിരുന്നു. ഈ സന്ദേശം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന് കൃത്യമായി കൈമാറിയിട്ടുണ്” - ചിദംബരം പറഞ്ഞു.
അതേസമയം, ടിവികെയുമായുള്ള കോൺഗ്രസ് സഖ്യത്തെ ന്യായീകരിച്ചും ചിദംബരം രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചെതെന്നും അദ്ദേഹം പറഞ്ഞു. ടിവികെ സർക്കാരിന്റെ ഭാഗമാകുന്നതിന് മുമ്പുതന്നെ കോൺഗ്രസ് ഇക്കാര്യം ഡിഎംകെയെ അറിയിച്ചിരുന്നു. അതിനാൽ നന്ദികേട് കാട്ടിയെന്ന് ഡിഎംകെ ആരോപണത്തിൽ കഴമ്പില്ലെന്നും ചിദംബരം പറഞ്ഞു.
വിജയ് മന്ത്രിസഭയിൽ രണ്ടു കോൺഗ്രസ് മന്ത്രിമാരുണ്ട്. ഇത് പാർട്ടി അണികൾക്ക് വലിയ ആവേശം പകരുന്നതാണ്. എന്നാൽ ഭാവിയിൽ കൂട്ടുകക്ഷി സർക്കാരുകൾ തുടരുമോയെന്നത് ജനവിധിയെ ആശ്രയിച്ചിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാലിന്റെ പരാജയം തന്നെ അദ്ഭുതപ്പെടുത്തി. വിജയ് പോലും അതിൽ അമ്പരന്നിട്ടുണ്ടാകും. -ചിദംബരം പറഞ്ഞു.